ന്യൂഡൽഹി: ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒറ്റദിവസം കൊണ്ട് 30 ലക്ഷം ഫോളോവർമാരെയാണ് ട്രംപിന് ടിക് ടോക്കിൽ ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റായിരുന്ന സമയത്ത് സുരക്ഷാ കാരണങ്ങളാരോപിച്ച് ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക്കിനെ നിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തിയ വ്യക്തിയാണ് ട്രംപ്.
ട്രംപിന്റെ ടിക് ടോക്ക് ഐഡി @realdonaldtrump എന്നാണ്. ശനിയാഴ്ച രാത്രിയാണ് ട്രംപ് അക്കൗണ്ടിൽ ആദ്യ വീഡിയോ പങ്കുവെച്ചത്. അഞ്ച് കോടിയിലേറെ കാഴ്ചക്കാരെ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യ എതിരാളിയായ ജോ ബൈഡൻ ഇതിനകം ടിക് ടോക്കിലുണ്ട്. എന്നാൽ 3.4 ലക്ഷം ഫോളോവർമാരാണ് ബൈഡനുള്ളത്. ടിക് ടോക്കിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു ബില്ലിന് അംഗീകാരം നൽകിയ വ്യക്തിയാണ് ബൈഡൻ.
17 കോടി വരിക്കാരാണ് യുഎസിൽ ടിക് ടോക്കിനുള്ളത്. യുഎസ് പാസാക്കിയ നിയമം ടിക് ടോക്ക് ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ്ഡൈൻസ് പാലിച്ചില്ലെങ്കിൽ അത് യുഎസിലെ ടിക് ടോക്കിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കും. ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥത അവസാനിപ്പിക്കണമെന്നാണ് യുഎസിന്റെ നിർദേശം. നിയമം പാലിച്ചാൽ ബൈറ്റ്ഡാൻസിന് ടിക് ടോക്കിനെ വിൽക്കേണ്ടിവരും. അതിനാൽ നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി.

