തൃശ്ശൂർ: പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോട് ചങ്ങാത്തം വേണമെന്നും വേണ്ടെന്നുമുള്ള കാര്യത്തിൽ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. രാമവർമപുരം പോലീസ് അക്കാദമിയിൽ, പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയണം. പരാതിയുമായി സ്റ്റേഷനിൽ വരുന്നവർക്ക്, പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരിച്ചുപോകാൻ സാധിക്കണം. കേരള പോലീസ് ജനകീയ സേനയായി മാറി. ഇതിന്റെ മുഖങ്ങളാകാൻ പരിശീലനം പൂർത്തിയാക്കിയവർക്ക് സാധിക്കണം. പോലീസിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാനുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണ് വനിതാബറ്റാലിയൻ. കൂടുതൽ വനിതകളെ സേനയിലേക്ക് എടുക്കും. ഇവർക്ക് സേനയ്ക്കുള്ളിൽ മികച്ച അവസരങ്ങളും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,308 വനിതകളെ സേനയിൽ എടുത്തു. ഈ സർക്കാർ ഇതുവരെ 1,213 വനിതകൾക്ക് സേനയിൽ നിയമനം നൽകി. മികച്ച പരിശീലനം പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒൻപതുമാസത്തെ വിദഗ്ധപരിശീലനം പൂർത്തിയാക്കിയാണ് പോലീസ് ഉദ്യോഗസ്ഥർ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിക്ക് അഭിവാദ്യം അർപ്പിച്ചത്. വിവിധതരത്തിലുള്ള ശാരീരികക്ഷമതാപരിശീലനവും ആയുധ പരിശീലനവും കൂടാതെ വിവിധ നിയമങ്ങളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ, ഫോറൻസിക് സയൻസ് എന്നിവ സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകി.
എസ്.എ.പി യിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ആൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് ആണ്. മികച്ച ഔട്ട്‌ഡോർ ആയി എസ്. ജി. നവീനും ഇൻഡോർ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. കെ.എ.പി മൂന്നാം ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ മികച്ച ആൾറൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്‌ഡോർ ആയി സച്ചിൻ സജീവും ഇൻഡോർ ആയി ജി.അനീഷും ഷൂട്ടറായി ആർ.സച്ചിനും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫികൾ സമ്മാനിച്ചു.
എസ്.എ.പി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ഒരാൾ എം.ടെക് ബിരുദധാരിയും 30 പേർ ബി.ടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചിൽ ഉണ്ട്. എം.ബി.എ, ബി.ബി.എ ബിരുദങ്ങളുള്ള രണ്ടുപേർ വീതം ഈ ബാച്ചിൽ ഉണ്ട്.
കെ.എ.പി മൂന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ നാലുപേർ എം.ടെക് ബിരുദധാരികളും 35 പേർ എൻജിനീയറിങ് ബിരുദധാരികളുമാണ്. പി.ജി യോഗ്യതയുള്ള 23 പേരും ഡിഗ്രി യോഗ്യതയുള്ള 144 പേരും എം.ബി.എ ബിരുദമുള്ള അഞ്ചുപേരും ഈ ബാച്ചിൽ ഉണ്ട്.

