ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കും; ഗണേഷ് കുമാർ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരാഴ്ച 7 അപകട മരണങ്ങൾ വരെയാണ് മുൻപു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.’ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’
എന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല. ബസുകൾ സമയക്രമം പാലിക്കണമെങ്കിലും അമിതവേഗം വേണ്ട. ചെറിയ വാഹനങ്ങൾക്ക് പരിഗണന നൽകണം. വീടിന്റെ നാഥനായ ആൾ അപകടത്തിൽ മരിച്ചാൽ കുടുംബം താറുമാറാകും. ബസ് നിർത്തുമ്പോൾ ഇടതുവശം ചേർത്തു നിർത്തണം. സ്റ്റോപ്പാണെങ്കിലും ബസുകൾ സമാന്തരമായി നിർത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റ് വാഹനങ്ങൾക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിർദേശം പാലിക്കണം. ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കും. കൈ കാണിച്ചാൽ ബസ് നിർത്തണം. സ്റ്റോപ്പ് ഇല്ലെങ്കിലും രണ്ടോ മൂന്നോ ആളുകളുണ്ടെങ്കിൽ സൂപ്പർഫാസ്റ്റാണെങ്കിലും നിർത്തണം. ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ആളെ ഇറക്കണം. അനാവശ്യമായി ഡീസൽ ഉപയോഗിക്കരുത്. ബസുകൾക്ക് തകരാർ കണ്ടാൽ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.