സംസ്ഥാന സർവീസിലെ 16,638 ജീവനക്കാർ ഇന്നു വിരമിക്കും; വിരമിക്കൽ ആനുകൂല്യം നൽകാൻ വേണ്ടത് 9151 കോടി

തിരുവനന്തപുരം: സംസ്ഥാന സർവീസിലെ 16,638 ജീവനക്കാർ ഇന്നു വിരമിക്കും. പൊലീസിലെ 800 പേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇന്ന് സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്നവരിൽ പകുതിയോളം പേർ അദ്ധ്യാപകരാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് ഒരു മാസം ഇത്രയും പേർ ഒരുമിച്ച് പടിയിറങ്ങുന്നത്. ഈ വർഷം ആകെ 22,000 പേരാണ് വിരമിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിൽ 23 ഡിഇഒമാരും 8 ഡിഡിഇമാരും രണ്ട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരും വിരമിക്കും. എട്ട് ചീഫ് എൻജിനിയർമാർ, 17 ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ, 33 എക്സിക്യുട്ടീവ് എൻജിനിയർമാർ തുടങ്ങിയവർ ഉൾപ്പെടെ കെഎസ്ഇബിയിൽ 1099 പേർ വിരമിക്കും.

പൊലീസിൽ നിന്ന് വിരമിക്കുന്നവരിൽ 15 എസ്പിമാരും 27 ഡിവൈഎസ്പിമാരും ഉൾപ്പെടുന്നു. ഇൻസ്പെക്ടർമാർ മുതൽ ഡിവൈ.എസ്.പിമാർ വരെ 87 ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും.

പിഎസ്സിയിൽ അഡിഷണൽ സെക്രട്ടറിമാർ ഉൾപ്പെടെ 48 പേർ വിരമിക്കും. പി.എസ്.സി ആസ്ഥാനത്ത് 22 പേരും ജില്ല ഓഫിസുകളിൽ നിന്നായി 26 പേരുമാണ് വിരമിക്കുക. കെഎസ്ആർടിസിയിൽ ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം 674 പേർ വിരമിക്കും. സെക്രട്ടേറിയറ്റ് – 200, തദ്ദേശസ്വയംഭരണം – 300, റവന്യു – 461, ഭക്ഷ്യ പൊതുവിതരണം – 66 എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിൽ നിന്നുള്ള വിരമിക്കുന്നവരുടെ കണക്കുകൾ.

അതേസമയം, വിരമിക്കൽ ആനുകൂല്യം നൽകാൻ 9151 കോടി രൂപയാണ് വേണ്ടത്. 14 ലക്ഷം മുതൽ ഒന്നേകാൽ കോടി രൂപ വരെയാണ് ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടത്.