വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയർത്തുന്നതിനാവണം മുൻഗണന നൽകേണ്ടത്; വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ട നിതാന്ത പരിശ്രമം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ. ആൺകുട്ടികളെയും പെൺകുട്ടികളെയും പാന്റസ് ധരിപ്പിക്കുന്നതിനാകരുത് മറിച്ച് വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയർത്തുന്നതിനാവണം മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കാൻ ബിജെപി മടവൂർ പഞ്ചായത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്ക് വാരിക്കോരിക്കൊടുത്ത് വിജയിപ്പിച്ചാൽ രാജ്യാന്തര മത്സരങ്ങളിൽ കുട്ടികൾ പിന്തള്ളപ്പെട്ടു പോകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പാഠ്യപദ്ധതി നടപ്പാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പിഎംശ്രീ) പദ്ധതികൾ അതിന് വേണ്ടിയുള്ളതാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.