ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്കു കത്തയച്ച പൊലീസുകാരനെതിരെ നടപടി. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പൊലീസ് മേധാവി ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്. അനുമതി ഇല്ലാതെ മുഖ്യമന്ത്രിക്കു കത്തയച്ചതിന് ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നടപടി വേഗത്തിലാക്കാൻ സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ് റൂം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

ഗുണ്ടയുടെ വീട്ടിൽ വിരുന്നിനു പോയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് മുഖ്യമന്ത്രിക്ക് മെയിൽ അയച്ചിരുന്നു. ഏതാനും ദിവസമായി ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഇതിന് പിന്നാലെയാണ് നടപടി.