തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവൃത്തി ദിവസങ്ങൾ 220 ആയി ഉയർത്തും. വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം അധ്യാപക സംഘടനാ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അധ്യാപക ക്ലസ്റ്റർ മീറ്റിങ് ദിവസങ്ങൾ ഇതിൽ ഉൾപ്പെടുത്തിയാലും 212 പ്രവൃത്തിദിവസങ്ങൾ ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയിലുള്ള ഹർജിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനോടു നിലപാടു തേടിയ സാഹചര്യത്തിലാണു തീരുമാനം.
204 ദിവസങ്ങളാണ് കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. 220 പ്രവൃത്തിദിനമാകുമ്പോൾ 16 ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനമാകും. ഭരണപ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കൾ തീരുമാനത്തോടു വിയോജിച്ചെങ്കിലും വഴങ്ങാൻ മന്ത്രി കൂട്ടാക്കിയില്ല. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് 220 പ്രവൃത്തി ദിവസം വേണമെന്നാണെന്നും അതു ലംഘിക്കുന്നതു കോടതിയിൽ തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്‌ക്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ക്ലാസ്മുറിയിൽ നടക്കുന്ന പഠനപ്രവർത്തനങ്ങൾ ഈ സാധ്യതകൾ മുൻനിർത്തിയുള്ളതാകണം. പഠനപ്രക്രിയയുമായി ഇഴചേർന്ന് നിൽക്കുന്ന മൂല്യനിർണ്ണയവും ഇതേ ദിശയിലായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന പശ്ചാത്തലത്തിൽ മൂല്യനിർണയത്തിന്റെ രീതിശാസ്ത്രവും കാലോചിതമായി മാറ്റുകയാണെന്നും മന്ത്രി അറിയിച്ചു. സ്‌കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരമൊരു കോൺക്ലേവ് ആദ്യമായിട്ടാണ് കേരളത്തിൽ സംഘടിപ്പിക്കുന്നത്.

