കൊച്ചിയിലെ വെള്ളക്കെട്ട്; അധികൃതർക്കും, പൊതുജനങ്ങൾക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അധികൃതർക്കും, പൊതുജനങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം. മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ ചോദ്യം ഉന്നയിച്ചത്.

കഴിഞ്ഞ തവണ കാനകൾ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയതെന്നും അതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളക്കെട്ടിന്റെ കാര്യത്തിൽ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

കാനകളിൽ നിന്ന് നീക്കം ചെയ്യുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇന്ന് മാലിന്യങ്ങൾ നീക്കം ചെയ്താൽ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങൾ ഇത് പോലെ ചെയ്താൽ എന്ത് ചെയ്യുമെന്ന ചോദ്യവും ഹൈക്കോടതി മുന്നോട്ടുവെച്ചു.

വെള്ളക്കെട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണവും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. ഇടപ്പള്ളി തോട് ശുചീകരിക്കുന്നതിൽ ഇറിഗേഷൻ വകുപ്പിന്റെ വീഴ്ചയാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണമെന്ന് അമിക്കസ് ക്യൂറി കോടതിയിൽ വ്യക്തമാക്കി.

വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ഇറിഗേഷൻ വകുപ്പിന് കോടതി നിർദ്ദേശം നൽകി. പി & ടി കോളനിക്കാരെ മാറ്റിപ്പാർപ്പിച്ച ഫ്‌ളാറ്റുകളുടെ ചോർച്ചയിലും കോടതി വിമർശനം ഉന്നയിച്ചു.