പാലക്കാട്: ചികിത്സ വൈകിയതിനെ തുടർന്ന് അട്ടപ്പാടിയിൽ വീണ്ടും മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. 55 വയസായിരുന്നു. കോട്ടത്തറ താലൂക്ക് ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഐസിയു ആംബുലൻസ് ഇല്ലാത്തതോടെ ചെല്ലനെ തൃശൂരിലേക്ക് മാറ്റാൻ വൈകിയിരുന്നു. ഇന്ന് തൃശൂർ മെഡി. കോളേജിൽ വച്ചാണ് ചെല്ലൻ മരണപ്പെട്ടത്.
രണ്ട് ദിവസം മുമ്പാണ് ആട് മേക്കാൻ പോയ ചെല്ലനെ രാത്രിയിൽ ബോധരഹിതനായി വനത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോകാൻ ഐസിയു ആംബുലൻസ് ഇല്ലാതിരുന്നതോടെ നാല് മണിക്കൂർ കാത്തുകിടക്കേണ്ടി വന്നു.
അതേസമയം, ശനിയാഴ്ച മഴക്കെടുതിയിൽ പരിക്കേറ്റ യുവാവിനും വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മരണം സംഭവിച്ചത്.

