540 കോടി രൂപയുടെ കരാർ; കൊച്ചിൻ ഷിപ്‌യാർഡിന് വീണ്ടും അഭിമാന നേട്ടം

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിന് വീണ്ടും അഭിമാന നേട്ടം. യുകെ ആസ്ഥാനമായ ഓഫ്‌ഷോർ പുനരുപയോഗ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിൽനിന്ന് 60 ദശലക്ഷം യൂറോയുടെ പുതിയ കരാറാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 540 കോടി രൂപയുടെ കരാറാണിത്.

2 കപ്പലുകളും യുകെയിലെ സഫോക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന വിൻഡ് ഫാമിൽ വിന്യസിക്കുന്നതിനായുള്ള ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സൽസും (എസ്ഒവി) നിർമിക്കുന്നതിനുള്ള കരാറാണിത്. ഈ വർഷമാദ്യം നോർത്ത് സ്റ്റാർ കൊച്ചിൻ ഷിപ്യാർഡുമായി മറ്റൊരു ഹൈബ്രിഡ് എസ്ഒവി കരാറിലും ഏർപ്പെട്ടിരുന്നു.

85 മീറ്റർ നീളമുള്ള ഈ എസ്ഒവി നോർവേയിലെ വാർഡ് എഎസ് ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദനം നടത്തുന്ന പദ്ധതിയുടെ അനുബന്ധ സേവനം, പരിപാലനം, പ്രവർത്തന ആവശ്യങ്ങൾ എന്നിവയ്ക്കായാണ് ഈ എസ്ഒവികൾ രൂപകൽപന ചെയ്തിരിക്കുന്നത്. കപ്പലിന്റെ നിർമ്മാണം 80 സാങ്കേതിക വിദഗ്ധരെയും ജീവനക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ്.

അതേസമയം, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് നോർത്ത് സ്റ്റാർ കമ്പനിയുടെ മുൻഗണനാ പങ്കാളിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷമുണ്ടെന്ന് കൊച്ചി കപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു നായർ പറഞ്ഞു. വികസിക്കുന്ന സമുദ്ര വിപണികളെ സേവിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ കൊച്ചിൻ ഷിപ്‌യാർഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.