കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് വ്യക്തമാക്കി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നൽകിയിരുന്നുവെന്ന് ഇഡി വ്യക്തമാക്കി. വഞ്ചന, ഗൂഢാലോചനാ കുറ്റങ്ങൾ ഉൾപ്പെടെ നിലനിൽക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടി.
അതേസമയം, മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കളളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഡാലോചന, വഞ്ചന, അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളിൽ കേസെടുക്കാൻ പര്യാപ്തമാണെന്നുമാണ് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.
മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം നിലവിലെ ഘട്ടത്തിൽ അനുചിതമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണം പ്രാരംഭ ദിശയിൽ മാത്രമാണ്. ഇസിഐആർ രജിസ്റ്റർ ചെയ്തു എന്ന് കരുതി പ്രതിയാകണമെന്നില്ല. അന്വേഷണത്തിന് ശേഷം ഭാവിയിൽ വിചാരണ നേരിടേണ്ടിവരാൻ സാധ്യതയുണ്ടെന്നും ഇഡി അറിയിച്ചു.

