ഗുണ്ടാ നേതാവിനൊപ്പം വിരുന്ന്; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കൊച്ചി: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകും. വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യും. ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഈ മാസം 31ന് സാബു വിരമിക്കാൻ ഇരിക്കുകയാണ്. ഇതിനിടെയാണ് സാബുവിനെതിരെ നടപടി സ്വീകരിക്കുന്നത്. നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റാച്മെന്റ് ഡിവൈഎസ്പി ആണ് എംജി സാബു.

അങ്കമാലി പുളിയനത്തെ വീട്ടിലാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ വിരുന്നൊരുക്കിയത്. ഫൈസലിന്റെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇവിടെ പലരും വന്നു പോകുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് ഇവിഡേക്ക്‌ പരിശോധനയ്ക്ക്‌ എത്തിയത്. റൂറൽ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയാണ് അങ്കമാലി എസ്ഐയെ ഇവിടേക്ക് പരിശോധന നടത്താൻ അയച്ചത്. ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോൾ സാബു ഗുണ്ടയ്ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. എസ് ഐ എത്തിയത് അറിഞ്ഞ സാബു ഓടി കുളിമുറിയിൽ ഒളിച്ചു. ഉണ്ടായിരുന്ന മൂന്നു പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് ഇവർ പോലീസുകാരാണെന്ന്ബോധ്യപ്പെട്ടത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സാബു ഒപ്പം ഉണ്ടായിരുന്നു എന്ന വിവരം പുറത്തറിയുന്നത്. അതേസമയം താൻ എങ്ങും പോയിട്ടില്ല എന്നും ആലപ്പുഴയിലെ വീട്ടിൽ ഉണ്ടായിരുന്നു എന്നുമാണ് ആലപ്പുഴ ജില്ലാ മേധാവിക്ക് സാബു നൽകിയ വിശദീകരണം.

ഇതിനിടെ ഗുണ്ടതലവന്റെ വീട് സന്ദർശിച്ചതിന് ആലപ്പുഴ ജില്ലാ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡ്രൈവർ ജോളി മോൻ, ജില്ലാ പോലീസ് ആസ്ഥാനത്തെ സിവിൽ പോലീസ് ഓഫീസർ സി കെ ദീപക് എന്നിവരെ ആലപ്പുഴ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു.