ലക്‌നൗ: വീണ്ടും ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. ഉത്തർപ്രദേശിലെ ബാഗ്പഥ് ജില്ലയിലാണ് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളാണ് സംഭവസ്ഥലത്തെത്തിയത്. തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
തീപിടുത്തത്തിൽ പൊലീസും ഫയർഫോഴ്‌സും അന്വേഷണം ആരംഭിച്ചു.

