തിരുവനന്തപുരത്തെ വെള്ളക്കെട്ട്; പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്രസഹായം ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരത്തെ വെള്ളക്കെട്ട് പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്രസഹായം ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് കേന്ദ്രപദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളക്കെട്ട് പരിഹരിക്കാൻ പിണറായി സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. തലസ്ഥാനത്തെ വെള്ളക്കെട്ട് നേരിടാൻ കേന്ദ്രസർക്കാർ 200 കോടി അനുവദിച്ച കാര്യം വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, 2500 കോടി രൂപയാണ് രാജ്യത്തെ നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിച്ചു. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി രൂപ കേന്ദ്ര സർക്കാർ നൽകും.

തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കണം.