ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഇതുസംബന്ധിച്ച് കെജ്രിവാൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നൽകമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹർജി സമർപ്പിച്ചത്.
ഏഴ് കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ ടെസ്റ്റുകളുടെ ആവശ്യകത ഉയർത്തിക്കാട്ടിയാണ് അപേക്ഷ. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്‌കാൻ അടക്കം മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്നും ജാമ്യം നീട്ടി നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു. ജൂൺ 1 വരെയാണ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു സുപ്രീം കോടതിയുടെ നടപടി.
ജാമ്യം നീട്ടി ലഭിച്ചില്ലെങ്കിൽ കെജ്രിവാളിന് ജൂൺ 2 ന് തീഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും. അതിനാൽ, കെജ്രിവാളിന്റെ അപേക്ഷ ഉടൻ കോടതി പരിഗണിച്ചേക്കും. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു അറസ്റ്റ്.
50 ദിവസം കെജ്രിവാൾ ജയിലിൽ കഴിഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്.

