ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിന്റെ പെരുമാറ്റ രീതിയിൽ മാറ്റമുണ്ടായെന്നും രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞെന്നുമാണ് അമിത് ഷാ ആരോപിക്കുന്നത്. ഒരു ദേശീയ മാധ്യമ നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സർക്കാർ രൂപീകരണത്തിന് ആവശ്യമായ സീറ്റുകൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ചുഘട്ടങ്ങളിൽ തന്നെ ബിജെപി നേടിക്കഴിഞ്ഞു. ആറാംഘട്ടം കണക്കാക്കാതെ 300 മുതൽ 310 സീറ്റുകൾ വരെ ലഭിച്ചിട്ടുണ്ടെന്നാണ് തങ്ങൾ വിലയിരുത്തുന്നത്. തങ്ങൾ ഇപ്പോൾ സുരക്ഷിതമായ സ്ഥാനത്താണുള്ളത്. 10 വർഷത്തെ ട്രാക്ക് റെക്കോഡുമായി ശക്തമായ പോസിറ്റീവ് അജണ്ടയുമായാണ് ഇത്തവണ തങ്ങൾ ജനങ്ങളെ സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചു.
പാർലമെന്റിൽ നിന്ന് പുറത്തു പോകാൻ കോൺഗ്രസ് ഒഴിവുകഴിവുകൾ കണ്ടെത്തുകയാണ്. നേരത്തെ ബഹിഷ്കരണത്തിന് കാരണമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ആ ബഹിഷ്കരണം പോലും കുറച്ച് ദിവസങ്ങൾ മാത്രമായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്പോൾ ഒന്നര മണിക്കൂർ തുടർച്ചയായി അദ്ദേഹത്തെ തടസ്സപ്പെടുത്തുന്നത് താൻ മുമ്പ് കണ്ടിട്ടില്ല. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന് ആ ജനവിധി നൽകിയതിനാൽ ആണ് അദ്ദേഹം പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അല്ല, ഭരണഘടന സംവിധാനത്തെ ആണ് കോൺഗ്രസ് അവഹേളിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

