കൺമണി അൻപോട് ഉപയോഗിച്ചത് അനുമതിയോടെ; പ്രതികരണവുമായി ഷോൺ ആന്റണി

തിരുവനന്തപുരം: മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിൽ കൺമണി അൻപോട് എന്ന ഗാനം ഉപയോഗിച്ചത് അനുമതി ഇല്ലാതെയാണെന്ന ഇളയരാജയുടെ ആരോപണത്തിൽ പ്രതികരണവുമായി മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഷോൺ ആന്റണി. പ്രസ്തുത ഗാനം മഞ്ഞുമ്മൽ ബോയ്‌സിൽ ഉപയോഗിച്ചത് അനുമതിയോടെയാണെന്നാണ് ഷോൺ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും ഷോൺ പ്രതികരിച്ചു.

തമിഴിൽ മാത്രമല്ല, മഞ്ഞുമ്മൽ ബോയ്‌സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിതാണ്. പിരമിഡ്, ശ്രീദേവി സൗണ്ട്‌സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗാനം ഉപയോഗിക്കാൻ സിനിമയുടെ നിർമ്മാതാക്കൾ അനുമതി തേടിയിരുന്നില്ലെന്നും ടൈറ്റിൽ കാർഡിൽ പേര് പരാമർശിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നുമായിരുന്നു ഇളയരാജയുടെ നേരത്തെയുള്ള പ്രതികരണം. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞു.