രാജ്‌കോട്ട്: ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 33 പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ രാജ്‌കോട്ടിൽ ആണ് സംഭവം. ഇതിൽ 9 പേർ കുട്ടികളാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടിആർപി ഗെയിം സോണിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. മരണപ്പെട്ട ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഗെയ്മിംഗ് സെന്ററിന്റെ ഉടമയെയും മാനേജറെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ച്ചയാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
രണ്ടുവർഷമായി ടിആർപി ഗെയിം സോൺ പ്രവർത്തിച്ചത് ഫയർ എൻഒസി ഇല്ലാതെയാണെന്ന് വ്യക്തമായി. രണ്ട് നിലയിലുള്ള ഗെയിം സോണിലേക്ക് ഒരു എൻട്രിയും, ഒരു എക്‌സിറ്റ് ഗേറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർ റേസിങിന് ഉപയോഗിക്കാൻ കൂടിയ അളവിൽ ഇന്ധനം സൂക്ഷിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. അവധി ദിവസമായതിനാൽ ഓഫർ നിരക്കിൽ ടിക്കറ്റ് നൽകിയതാണ് തിരിക്ക് വർദ്ധിക്കാൻ കാരണം.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുരന്തസ്ഥലം സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവരെയും അദ്ദേഹം ആശുപത്രിയിൽ എത്തി സന്ദർശിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ ദൗത്യസംഘത്തിന്റെ പരിശോധന തുടരുകയാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

