ജി 20 സമ്മേളനത്തിന് വേദിയായത് ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു; പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യം ജി 20 സമ്മേളനത്തിന് വേദിയായത് ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചെന്നും ഒളിംപിക്സ് നടത്താൻ വരെ രാജ്യം തയ്യാറാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം ആഗോള കായിക പരിപാടികൾ മറ്റുള്ള രാജ്യങ്ങളിൽ സംഘടിപ്പിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനായി പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടി വിശദമായി പരിശോധിച്ചവർക്ക് അത്തരം ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കഴിവ് ഇപ്പോൾ ഇന്ത്യയ്ക്കുണ്ടെന്ന് പറയാനാകും. ഇന്ത്യ ആതിഥേയത്വം വഹിച്ച 2010ലെ കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിക്കെതിരെ മറുപടി കൊടുക്കാൻ ജി-20 സമ്മേളനത്തിനായി. 2010ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി മോശം അനുഭവങ്ങളാണുണ്ടായത്. അത് ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തെയാണ് ഇല്ലാതാക്കിയത്. എന്നാൽ ജി-20യ്ക്ക് ശേഷം ആത്മവിശ്വാസം തിരികെ കിട്ടി. നമുക്കും ഇത്തരം ആഗോള പരിപാടികൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്ന് ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി- 20 ഉച്ചകോടിയോട് അനുബന്ധിച്ച് ഒരേസമയം 60-70 വേദികളിൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ നടപ്പാക്കിയിരുന്നു. ഇത് രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഡൽഹിയിൽ മാത്രമായി പരിപാടി ചുരുക്കിയിരുന്നുവെങ്കിൽ ഇതൊരു സർക്കാർ പരിപാടിയായി ചുരുങ്ങിയേനെ. എന്നാൽ ജനങ്ങൾ നേരിട്ടിറങ്ങി പ്രവർത്തിക്കുന്ന പരിപാടിയായി ജി-20യെ മാറ്റാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.