ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: വിവേക് വിഹാർ ആശുപത്രിയിൽ ഉണ്ടായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദു:ഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.

അതേസമയം, ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണർ, ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഡൽഹിയിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഏഴു കുഞ്ഞുങ്ങൾ തീപിടുത്തത്തിൽ വെന്തുമരിച്ചു. അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഡൽഹി വിവേക് വിഹാറിൽ ചട്ടങ്ങൾ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയോട് ചേർന്നുള്ള ഓക്‌സിജൻ സിലിണ്ടർ സംഭരണ കേന്ദ്രത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.