തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ വിതരണത്തിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച മുതൽ നടക്കും. ബുധനാഴ്ച മുതൽ പെൻഷൻ വിതരണം നടക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനായി മസ്റ്ററിംഗ് പൂർത്തിയാക്കി.
അർഹരായ എല്ലാവർക്കും പെൻഷൻ എത്തിക്കുമെന്നും ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.
ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഈ തുക ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ധനവകുപ്പിന് ഉപയോഗിക്കാൻ കഴിയും.

