തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട തർക്കത്തിൽ ആരോപണ വിധേയനായ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്ന് പൊലീസ്. യദു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നടപടികൾ അവസാനിപ്പിച്ചു.
മേയർക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താൽ സിപിഎം സഹായത്തേടെ മലയിൻകീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് യദുവിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് താൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതെന്നും ഹർജിയിൽ പറയുന്നു. അതേസമയം, യദുവിനെതിരെ മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ തിരുവനന്തപുരത്ത് മജിസ്ട്രേറ്റ് മുൻപാകെ രഹസ്യ മൊഴി നൽകിയിരുന്നു.

