തേഞ്ഞിപ്പലം: ദേശീയപാത കോഹിനൂർ ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമാക്കി മെട്രോമാൻ ഇ ശ്രീധരൻ. അടിപ്പാത നിർമ്മിക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്തു സമീപത്തെ മരാമത്ത് റോഡ് വീതി കൂട്ടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എൻഎച്ച് സർവീസ് റോഡ് പൊളിച്ച് സ്ഥലം താഴ്ത്തുകയും വേണം. കോഹിനൂരിൽ എൻഎച്ച് അതോറിറ്റി അടിപ്പാത നിർദേശം തള്ളിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ ക്ഷണപ്രകാരം സ്ഥലം നേരിട്ടെത്തി പരിശോധിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മരാമത്ത് റോഡ് വീതി കൂട്ടി ആവശ്യമായ സ്ഥലം താഴ്ത്തുന്നതു ചില കെട്ടിടങ്ങളെ ബാധിക്കാനിടയുണ്ട്. സംസ്ഥാന സർക്കാർ കൂടി മുൻകൈ എടുത്തേ സ്ഥലം ഏറ്റെടുക്കാൻ കഴിയൂ. സ്ഥലം ലഭ്യമാക്കിയാൽ 3 മീറ്റർ ഉയരവും 4 മീറ്റർ വീതിയുമുള്ള അടിപ്പാത നിർമിക്കാം. സ്ഥലമെടുപ്പ് വ്യാപാര സ്ഥാപനങ്ങളെ ബാധിക്കാൻ ഇടയുള്ളതിനാൽ കോഹിനൂരിൽ അടിപ്പാത താൻ ശുപാർശ ചെയ്യില്ലെന്നും മേൽപാലം ഒരു നിലയ്ക്കും സാധ്യമല്ലെന്നും ശ്രീധരൻ വിശദീകരിച്ചു.
കോഹിനൂരിൽ പുതുതായി സ്ഥലം ഏറ്റെടുത്തു ഭൂമി താഴ്ത്താതെ അടിപ്പാത പ്രായോഗികമല്ല. പാണമ്പ്രയിൽ ഉയരപ്പാത തൂണുകളിൽ ആയിരുന്നെങ്കിൽ കോഹിനൂരിൽ അടിപ്പാത പരിഗണിക്കാമായിരുന്നു. കോഹിനൂർ ജംക്ഷൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ദേശീയപാതയിൽ നിന്ന് എളുപ്പം എത്താവുന്ന റോഡ് ആയതിനാൽ ആറുവരിപ്പാതയിൽനിന്ന് പ്രവേശനത്തിന് സൗകര്യം ഉറപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

