പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലിനെ കണ്ടെത്താൻ പുതിയ നടപടികളുമായി പോലീസ്. ഇതിനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ നീക്കം. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകി. ഈ അപേക്ഷ വ്യാഴാഴ്ച ഇന്റർപോളിന് കൈമാറുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നവവധുവിനെ ഉപദ്രവിച്ചതിന് പിന്നാലെ ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്തതോടെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തുടർന്ന് രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുച്ചു. എന്നാൽ, ഇത് ഫലം കണ്ടില്ല.

രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് വിശദമറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കൂ. അതേസമയം, രാഹുലിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ രാജ്യം വിടാൻ സഹായിച്ചത് ഇയാളാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.