അപാകതകളില്ല; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. വിധിയിൽ അപാകതകളില്ലെന്ന് കോടതി വ്യക്തമാക്കി.

ഹർജികൾ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ്. 2023 ഡിസംബർ 11ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പിഴവില്ലെന്ന് കോടതി അറിയിച്ചു.

ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ, അവാമി നാഷണൽ കോൺഫറൻസ്, അഭിഭാഷകൻ മുസാഫർ ഇഖ്ബാൽ ഖാൻ, ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്നിവരാണ് പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.