കേരള സർവ്വകലാശാല സെനറ്റ്; ഗവർണർ നൽകിയ നാമനിർദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നാമനിർദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ നോമിനേഷൻ നടത്തണമെന്നാണ് വൈസ് ചാൻസലർക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം സിംഗിൾ ബഞ്ച് ശരിവെക്കുകയും ചെയ്തു. നാല് വിദ്യാർത്ഥികളെയാണ് ഗവർണർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നത്. ഈ നടപടിയാണ് ഇപ്പോൾ റദ്ദാക്കിയത്. ഹ്യുമാനിറ്റീസ്, ഫൈൻആർട്സ്, സയൻസ്, സ്‌പോർട്‌സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. ഇവരെല്ലാം എബിവിപി പ്രവർത്തകരാണെന്നായിരുന്നു ഉയർന്ന ആരോപണം.

ഓരോ മേഖലയിലും പ്രാവീണ്യം നേടിയവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യുക. രാഷ്ട്രീയ പശ്ചാത്തലം നോക്കി നിയമനം നടത്തിയെന്നായിരുന്നു ആരോപണമാണ് ഉയർന്നിരുന്നു. ഇതേ തുടർന്ന് സർവകലാശാലാ രജിസ്ട്രാർ സെനറ്റിലേക്ക് നൽകിയ പട്ടികയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പരാതി നൽകി. തങ്ങളുടെ കഴിവുകൾ പരിഗണിക്കാതെയാണ് ഗവർണർ നിയമനം നടത്തിയതെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആരോപിച്ചിരുന്നു.