നെസ്ലെയുടെ ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാര; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ലോക പ്രശസ്ത ബ്രാൻഡായ നെസ്ലെയുടെ മുൻനിര ബേബി ഫുഡുകളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഈ ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പഞ്ചസാര കൂടിയ അളവിൽ ഉപയോഗിച്ചുവെന്ന് പഠനത്തിൽ കണ്ടെത്തിയത്.

ഇത്തരം രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിലപ്പന നടത്തുന്ന ബേബി ഫുഡ് സെറിലാക്കും നിഡോയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 250 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് 2022ൽ ഇന്ത്യയിൽ വിറ്റുപോയത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ‘പബ്ലിക് ഐ’ എന്ന സംഘടനയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയതും റിപ്പോർട്ട് പുറത്തുവിട്ടതും. വിവിധ രാജ്യങ്ങളിൽ നിന്ന് നെസ്ലെയുടെ ബേബിഫുഡുകൾ ശേഖരിച്ച് ബെൽജിയത്തിലെ ലാബിലാണ് പരിശോധന നടത്തിയത്.

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിലും നിഡോയിലും മൂന്നുശതമാനത്തിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. തായ്ലൻഡ് – 6 ഗ്രാം, എത്യോപ്യ – 5 ഗ്രാം, ദക്ഷിണാഫ്രിക്ക – 4 ഗ്രാം, ബ്രസീൽ – 3 ഗ്രാം, ഇന്തോനേഷ്യ – 2 ഗ്രാം, മെക്‌സിക്കോ – 1.7 ഗ്രാം, നൈജീരിയ, സെനഗൽ – 1 ഗ്രാം എന്നിങ്ങനെയാണ് പഞ്ചസാരയുടെ അളവ്. എന്നാൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികളിൽ വിറ്റഴിച്ചിരുന്ന ഉത്പന്നങ്ങളിൽ പഞ്ചസാര ചേർത്തിരുന്നില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാരയോ മറ്റ് മധുരമുണ്ടാക്കുന്ന ഘടകങ്ങളോ ചേർക്കാൻ പാടില്ല. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിരുന്നു.

അഞ്ചുവർഷംകൊണ്ട് പഞ്ചസാര മുപ്പത് ശതമാനത്തോളം കുറച്ചുവെന്നാണ് നെസ്ലെ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറയുന്നത്. പതിവായി ഉത്പന്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരത്തിലും രുചിയിലും സുരക്ഷയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നും വക്താവ് അറിയിച്ചു.