മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ ഹർജി വാദംകേൾക്കുന്നത് കോടതി മാറ്റിവെച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ഹർജി വാദംകേൾക്കുന്നത് മാറ്റിവെച്ച് കോടതി. ഏപ്രിൽ 29-ലേക്കാണ് ഹർജി മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്രിവാൾ നൽകിയ ഹർജിയാണ് വാദം കേൾക്കാനായി മാറ്റിവെച്ചത്. അതേസമയം, കെജ്രിവാളിന്റെ ഹർജിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത നൽകിക്കൊണ്ടുള്ള റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി എൻഫോഴ്‌സ്‌മെന്റിന് നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും ഏപ്രിൽ 24-നകം നോട്ടീസിന് കോടതിയിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മാർച്ച് 21-നാണ് മദ്യനയക്കേസിൽ കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്രിവാൾ സമർപ്പിച്ച ഹർജി ഏപ്രിൽ 9ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാൾ ഉൾപ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകൾ ഇ.ഡി. ശേഖരിച്ചിട്ടുണ്ട് എന്നായിരുന്നു ഹർജി തള്ളിക്കൊണ്ട് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.