10 വർഷം ഇന്ത്യ കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രം; പ്രധാനമന്ത്രി

തൃശ്ശൂർ: കഴിഞ്ഞ 10 വർഷം ഇന്ത്യ കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയുള്ള വർഷങ്ങളിലാണ് ബിജെപിയുടെ വികസനത്തിന്റെ യഥാർത്ഥ കുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മലയാള വർഷാരംഭത്തിൽ കേരളത്തിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വർഷമായി മാറാൻ ബിജെപിക്ക് വോട്ട് നൽകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ ആവർത്തിച്ചായിരുന്നു മോദിയുടെ വോട്ടഭ്യർത്ഥന.

മഹാമാരികളുടെ വാക്സിനുകൾ നമ്മൾ സ്വയം നിർമിച്ചു. വിദേശത്ത് പ്രശ്നങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയർത്തി നിൽക്കുന്നു. മോദി സർക്കാർ ഇതുവരെ ചെയ്ത ഇത്തരം പ്രവർത്തനങ്ങളെല്ലാം കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടിരിക്കുകയാകും. എന്നാൽ, ഇതുവരെ നിങ്ങൾ കണ്ടത് ട്രെയിലർ മാത്രമാണ്. വരുംവർഷങ്ങളിലാണ് വികസനത്തിന്റെ യഥാർത്ഥ മുഖം നിങ്ങൾ കാണാൻ പോകുന്നതെന്ന് മോദി കൂട്ടിച്ചേർത്തു.