സമയപരിധി കഴിഞ്ഞിട്ടും പ്രചാരണം നടത്തി; കെ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയപരിധിയായ രാത്രി 10-നുശേഷം പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായി സംഘം ചേരൽ, അന്യായമായി തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങൾ അണ്ണാമലൈക്കെതിരെ ചുമത്തിയിട്ടുണ്ട്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രചാരണം തുടർന്നതിനെ ഡിഎംകെ, ഇടതുപാർട്ടി പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപിക്കാർ അക്രമിച്ചെന്ന ഡിഎംകെ പ്രവർത്തകരുടെ പരാതിയിൽ മറ്റൊരു കേസുകൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് അണ്ണാമലൈ അക്രമം അഴിച്ചുവിടുന്നതെന്നാണ് ഡിഎംകെ വക്താവ് എ ശരവണൻ കുറ്റപ്പെടുന്നത്. അതേസമയം, അണ്ണാമലൈയുടെ വിജയം അട്ടിമറിക്കാൻ ഡിഎംകെ അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് എഎൽഎസ് പ്രസാദ് ആരോപിച്ചു.