താൻ എല്ലാവരേക്കാളും മുകളിൽ; ഇളയരാജ ഹൈക്കോടതിയിൽ

ചെന്നൈ: താൻ എല്ലാവരേക്കാളും മുകളിലാണെന്ന് മദ്രാസ് ഹൈക്കോടതിയിൽ വ്യക്തമാക്കി സംഗീതജ്ഞൻ ഇളയരാജ. സ്വകാര്യ കമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെക്കുറിച്ചുള്ള ഹർജിയിലായിരുന്നു ഇളയരാജ ഇക്കാര്യം അറിയിച്ചത്. ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു സ്വകാര്യ കമ്പനി വാങ്ങിയിരുന്നു. പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന് ഇതിനെതിരായ ഹർജിയിൽ 2019ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.

അഴിച്ചുപണികൾ നടത്തിയതിലൂടെ പാട്ടുകൾക്കു മുറിവേറ്റിട്ടുണ്ടെന്നു സംഗീതജ്ഞർക്കു ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് സുമന്തിന്റെ സിംഗിൾ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. എന്നാൽ നിർമാതാക്കളിൽ നിന്നു പണം വാങ്ങിയതോടെ ഇളയരാജയ്ക്ക് പാട്ടുകളുടെ മേലുള്ള അവകാശം നഷ്ടമായെന്നു ചൂണ്ടിക്കാണിച്ച് സ്വകാര്യ കമ്പനിയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലെ വാദത്തിനിടെയാണ് ഇളയരാജയുടെ അഭിഭാഷകൻ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. കേസ് കോടതി ഏപ്രിൽ 14 ലേക്ക് മാറ്റിവെച്ചു.