കോൺഗ്രസ് മുക്ത ഭാരതത്തിനായി ബിജെപിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണ്; വി ഡി സതീശൻ

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് മുക്ത ഭാരതത്തിനായി ബിജെപിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞ് ബിജെപിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചുറ്റും നിൽക്കുകയാണ്. ഭയമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും കേന്ദ്ര ഭരണകൂടത്തെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസ്-രാഹുൽ ഗാന്ധി വിരുദ്ധത പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി കേരളത്തേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പറയാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലാണ് കേരളത്തിന്റെ സ്ഥിതി. ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ക്ഷേമപെൻഷൻ അവകാശമല്ലെന്ന് സർക്കാർ പറയുന്നു. പിന്നെ എന്താ ഔദാര്യമാണോ ക്ഷേമ പെൻഷനെന്നും അദ്ദേഹം ചോദിക്കുന്നു.

ക്ഷേമ പെൻഷൻ വിതരണം ചെയ്യുകയെന്നത് സർക്കാരിന്റെ കടമയാണ്. കേരളാ സ്റ്റോറിയെ കുറിച്ച് സഭതന്നെ ഭിന്നിപ്പുണ്ടാക്കരുതെന്ന് പറഞ്ഞതാണ്. സിനിമയ്ക്ക് പിന്നിൽ സംഘപരിവാർ അജണ്ടയാണുള്ളത്. ക്രൈസ്തവ മത ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് സംഘപരിവാർ ആക്രമണങ്ങൾ വർധിക്കുകയാണ്. സജി മഞ്ഞക്കടമ്പിലിന്റെ രാജി പ്രാദേശിക വിഷയമാണെന്നും അത് അവർ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.