പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസ്; ബാബാ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവിന് തിരിച്ചടി. പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസിൽ ബാബാ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. പതഞജ്‌ലി മനപൂർവം കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഒരേ പോലെ പല മാപ്പേക്ഷ നൽകിയാൽ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യവും കോടതി മുന്നോട്ടുവെച്ചു. പത്ഞ്ജലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനപൂർവമായ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യർഥിച്ച ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തു. ഈ മാസം 16 ന് കേസ് വീണ്ടും പരിഗണിക്കും. രാംദേവ് ഉൾപ്പെടെയുള്ളവർ അന്ന് വീണ്ടും ഹാജരാകണമെന്നാണ് നിർദ്ദേശം.

കേസ് പരിഗണിച്ചപ്പോൾ പതഞ്ജലിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അലോപ്പതി മരുന്നുകൾക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞിരുന്നത്.