തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രിൽ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധരണയെക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
പകൽ 11 മണിമുതൽ വൈകുന്നേരം 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാൻ ഇടനൽകരുത്. പരമാവധി ശുദ്ധജലം ദാഹമില്ലെങ്കിലും കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ വേണം. കുടയോ തൊപ്പിയോ ഉപയോഗിക്കുകയുമാകാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗവുമാകാം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപകേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്ത സാധ്യത കണക്കിലെടുത്ത് ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. ഇവയോട് ചേർന്ന്താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

