കേരളത്തിലെ കോൺഗ്രസുകാർക്ക് ബിജെപി അനുകൂല നിലപാട്; മുഖ്യമന്ത്രി

ആലപ്പുഴ: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ കോൺഗ്രസുകാർക്ക് ബിജെപി അനുകൂല നിലപാടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എല്ലായ്പോഴും കേന്ദ്രസർക്കാരിന്റെ കൂടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി സി എ അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിനെതിരേ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്ന് പറയാൻ കോൺഗ്രസുകാർ എപ്പോഴെങ്കിലും തയ്യാറായോ. കോൺഗ്രസ് എപ്പോഴും കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. കിഫ്ബിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് മന്ത്രി തോമസ് ഐസക്കിന് നോട്ടീസയച്ചപ്പോൾ ഇഡിയുടെ കൂടെയാണ് കോൺഗ്രസും പ്രതിപക്ഷനേതാവും നിന്നത്. എപ്പോഴും സംഘപരിവാർ ശക്തികൾക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നത്. കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയരുകയാണ് നമുക്ക് വേണ്ടത്. എന്നാൽ, കോൺഗ്രസുകാർക്ക് അത് സാധ്യമല്ലെന്ന് ജനങ്ങൾക്കാകെ ബോധ്യമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം എല്ലാ പ്രതിപക്ഷപാർട്ടികളുടേയും നേരെ നീങ്ങുന്നു കോൺഗ്രസിനുനേരെയും നീങ്ങിയിട്ടുണ്ട്. കോൺഗ്രസിനുനേരെ വരുമ്പോൾ അവരതിനെ എതിർക്കും. കോൺഗ്രസിതര പാർട്ടികളുടെ നേരെ വരുമ്പോൾ അവർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൂടെനിൽക്കും. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന റാലിയിൽ കോൺഗ്രസുകാർ പങ്കെടുത്തത് നല്ല കാര്യം. പക്ഷേ, അവരുടെ സമീപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.