2 കോടി തൊഴിൽ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ് മാത്രം; മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. 2 കോടി തൊഴിൽ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. രാജ്യത്തെ 12 ഐഐടികളിൽ 30 ശതമാനം പേർക്ക് മാത്രമാണ് സ്ഥിരം ജോലി കിട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

21ഐഐഎമ്മുകളിലെ 20 ശതമാനം പേർക്ക് മാത്രമാണ് നിയമനം കിട്ടിയത്. തൊഴിലില്ലായ്മ 2014നെക്കാൾ മൂന്നിരട്ടി കൂടിയിരിക്കുകയാണെന്നും മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.

അതേസമയം, നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ പേരിലായിരുന്നു വിമർശനം. കഴിഞ്ഞ 10 വർഷമായി രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചിരിക്കുകയാണെന്നായിരുന്നു ശരത് പവാറിന്റെ പരാമർശം.