തൃശൂർ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കാൻ നൽകേണ്ട മോചനദ്രവ്യം സംഘടിപ്പിക്കാൻ നടപടികളുമായി വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള തുക സ്വരൂപിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ ശ്രമം. 34 കോടിയാണ് ഇനി സ്വരൂപിക്കാനുള്ള തുക. ഒന്നരക്കോടിയോളം രൂപ സഹായത്തിന് രൂപീകരിച്ച ട്രസ്റ്റിലേക്ക് ബോബി ചെമ്മണ്ണൂർ ഫാൻസ് ട്രസ്റ്റ് കൈമാറിയിട്ടുണ്ട്.
16നാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് മൂന്ന് മാസത്തേക്കെങ്കിലും നീട്ടിവയ്ക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വഴി സമ്മർദ്ദം ചെലുത്തുമെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ഇടപെടൽ വഴി പ്രശ്നപരിഹാരമുണ്ടാക്കാനാണ് ശ്രമം. പ്രധാനമന്ത്രിയെയും സമീപിച്ചതായാണ് പുറത്തു വരുന്ന വിവരം.
മോചനദ്രവ്യം സ്വരൂപിക്കാൻ യാചകയാത്ര നടത്താനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിരിക്കുന്നത്. യാചക യാത്ര എട്ടിന് രാവിലെ 9 മുതൽ തിരുവനന്തപുരത്ത് നിന്നും തുടങ്ങുമെന്നും അദ്ദേഹം. കാസർകോട് വരെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലത്തും പൊതുയിടങ്ങളിലും നേരിട്ടെത്തും. ചെറിയ കൈയബദ്ധത്തിന്റെ പേരിലാണ് വധശിക്ഷ വിധിച്ചതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
സോഷ്യൽ മീഡിയ അക്കൗണ്ടിലും വാഹനങ്ങളിലും നൽകിയ ക്യൂ ആർ കോഡ് വഴി തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ട്രസ്റ്റ് അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തിക്കുമെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.

