പെൻഷൻ വിതരണം അടുത്ത ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കും; ലഭിക്കുക 3200 രൂപ വീതം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച മുതൽ ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കുന്നതാണ്.

ക്ഷേമപെൻഷന്റെ ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. അതേസമയം, 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്. ക്ഷേമപെൻഷൻ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് സർക്കാർ പെൻഷൻ വിതരണത്തിനായുള്ള തുക അനുവദിച്ചിരിക്കുന്നത്.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യുമെന്ന് നേരത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.