ഏക സിവിൽ കോഡ് വിഷയത്തിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്; രാജ്നാഥ് സിങ്

ന്യൂഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സിഎഎ നടപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നത് തങ്ങളുടെ പ്രതിബദ്ധതയാണ്. ഇക്കാര്യം താൻ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തിൽ അനാവശ്യമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ആർക്കും എതിർപ്പുണ്ടാകേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ആരുടെയും വിശ്വാസത്തിനോ പാരമ്പര്യത്തിനോ അത് കോട്ടം വരുത്തുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശരീയത്തും ഹദീസും അനുസരിച്ച് ജീവിക്കാനുള്ള മുസ്ലീങ്ങളുടെ അവകാശം ഏക സിവിൽ കോഡ് ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ രാജ്നാഥ് സിംഗ് തള്ളിക്കളഞ്ഞു. ‘ഒരിക്കലും അങ്ങനെയുണ്ടാകില്ല. ഓരോരുത്തർക്കും അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാമെന്ന് അദ്ദേഹം അറിയിച്ചു.