പത്തനംതിട്ട: മസാല ബോണ്ടിന്റെ പേരിൽ തനിക്കെതിരേ എടുത്തിരിക്കുന്ന കേസിൽ ഒരിഞ്ചുപോലും ഇഡിയ്ക്ക് വഴങ്ങില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ തോമസ് ഐസക്. വെറുതേ വിരട്ടാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്കിനെ ചോദ്യംചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഇ.ഡി.യോട് ചോദിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബിജെപിയുടെ രാഷ്ട്രീയ ഏജൻസിയും അവരുടെ കൊള്ളയടിക്കൽ യന്ത്രവുമാണ് എൻഫോഴ്‌സ്‌മെന്റ്. എന്തായാലും ചൊവ്വാഴ്ച കാണാം. തെളിവുമായി കോടതിയിൽ വരട്ടെ. നിയമലംഘനം ഉണ്ടെങ്കിൽ കേസ് എടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാനവികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടു. അന്വേഷണവിവരങ്ങൾ പൂർണമായും വെളിപ്പെടുത്തണമെന്നല്ല, മറിച്ച് അത്തരമൊരു ആരോപണം ഇ.ഡി. ഉന്നയിക്കുന്നതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ടി.ആർ. രവി അറിയിച്ചു.

