പാനൂരിലെ ബോംബ് സ്ഫോടനം; ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബ് നിർമിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ ബോംബ് നിർമ്മിക്കുമെന്ന് 4 മാസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്.

ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.