മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ; സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് എസ് മണികുമാർ

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ. ഇക്കാര്യം അദ്ദേഹം രാജ്ഭവനെ രേഖാമൂലം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു തീരുമാനമെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.

അതേസമയം, ജസ്റ്റിസ് മണികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് പിന്മാറ്റത്തിന് കാരണമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിനുള്ള ഫയൽ അംഗീകരിച്ചത്. 10 മാസം രാജ്ഭവനിൽ തടഞ്ഞു വച്ച ശേഷമാണ് അംഗീകാരം നൽകിയത്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വാങ്ങിയ ശേഷം നിയമന ഉത്തരവ് ഇറക്കാനാിയിരുന്നു സംസ്ഥാന സർക്കാരിനോട് രാജ്ഭവൻ നിർദ്ദേശിച്ചത്. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിനെ നിയമിക്കാൻ തീരുമാനിച്ചത്.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത്. ഏപ്രിൽ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിച്ചത്.