കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ച് സിബിഐ. ഡൽഹിയിൽ നിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴിൽ സിബിഐ സംഘം കേരളത്തിൽ എത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. കണ്ണൂരിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മാർച്ച് 9ന് ആണ് സംസ്ഥാന സർക്കാർ സിബിഐയ്ക്ക് വിട്ടത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം, സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിക്കുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂവെന്നാണ് സിബിഐ അറിയിച്ചത്. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സർക്കാർ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

