കണ്ണൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിൽ ഉണ്ടായ സ്‌ഫോടനത്തിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പാനൂർ സംഭവം നിർഭാഗ്യകരമായി പോയി. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം എന്നാണു വിവരമെന്നും ഗൗരവമായി വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകക്ഷികളുടെ ആളാണ് കൊല്ലപ്പെട്ടത്. അതിനാൽ തന്നെ കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കാൻ സാധ്യതയുണ്ട്. ആർക്കാണ് ടാർഗിറ്റ്, ആരെയാണ് ടാർഗിറ്റ് ഇട്ടത് എന്നെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണം. ഇതിനാൽ പൊലീസ് വളരെ ഗൗരവമായി ജാഗ്രതയോടെ അന്വേഷിക്കണം. അക്രമം ഉണ്ടാകുമെന്ന് ഒരു മാസം മുൻപ് തന്നെ ഇന്റലിജന്റ്‌സ് മുന്നറിയിപ്പുണ്ടായിരുന്നു എന്നാണു വിവരമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

