ഉപാധികളോടെ ക്ലാസ് നടത്താം; സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് അനുമതി

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകൾക്ക് വേനലവധി ക്ലാസ് നടത്താമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഉപാധികളോടെയാണ് ക്ലാസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് അനുമതി. സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ചു കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.

ജസ്റ്റിസുമാരായ ഇ.എ.മുഹമ്മദ് മുഷ്താഖ്, എം എ അബ്ദുൽ ഹക്കീം എന്നിവരുൾപ്പെട്ട ബെഞ്ചാണ് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ വേനലവധി ക്ലാസുകൾ നടത്താൻ സാധിക്കില്ല. ആവശ്യമെങ്കിൽ സർക്കാരിനു പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ക്ലാസുകൾ നടത്താമെന്നും കോടതി അറിയിച്ചു.

അതേസമയം, കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും വേനലവധി ക്ലാസുകൾ നിരോധിച്ചുഉത്തരവ് പുറത്തിറങ്ങിയത്. ഗവ. എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‌സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.