തിരുവനന്തപുരം: കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ പരാതി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അദ്ദേഹം പരാതി നൽകിയത്.
കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്പദമാണെന്നും സിപിഎം വ്യക്തമാക്കുന്നു.
ഈ നീക്കം ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്നും സംശയിക്കുന്നു. സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും സിപിഎം അറിയിച്ചു.
അതേസമയം, കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നും അദ്ദേഹം അറിയിച്ചു.
അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ,നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളിൽ മുൻപന്തിയിൽ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്.
സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

