രാഹുൽ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതായത് എന്തുകൊണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതായത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും പതാകകൾ ഇത്തവണ ഒഴിവാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോർട്ട് ചെയ്ത്. ഇത് ഭീരുത്വമല്ല. ലീഗിന്റെ വോട്ടുവേണം, പതാക പാടില്ല എന്നാണ് പറയുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്നും ഒളിച്ചോടാൻ സ്വന്തം കൊടിക്ക് അയിത്തം കൽപ്പിക്കുന്ന വിധത്തിലേക്ക് എന്തുകൊണ്ട് കോൺഗ്രസ് താണുപോയി. ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന് സ്വാഭാവികമായും സംശയം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയർത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു. 1921ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പതാകയെന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്ലാഗ് എന്ന് പേരിട്ട ആ ത്രിവർണ്ണ പതാക ജാതിമതപ്രാദേശിക ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന സങ്കല്പമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്. ആ പതാകയുടെ അടിസ്ഥാന സത്ത ഉൾക്കൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പതാകയ്ക്കും രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ പതാക ഉയർത്തി പിടിക്കാൻ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോൺഗ്രസുകാർ ബ്രിട്ടീഷ് പോലീസിന്റെ മൃഗീയ മർദ്ദനം വാങ്ങിയിട്ടുണ്ട്. ഈ ചരിത്രം കോൺഗ്രസ്‌കാർക്കറിയില്ലേ? യൂണിയൻ ജാക്ക് വലിച്ച് താഴ്ത്തി ത്രിവർണ്ണ പതാക ഹോഷിയാപ്പൂർ കോടതിയിൽ ഉയർത്തി കെട്ടിയപ്പോളാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കൽ സമരത്തിന് പങ്കെടുത്ത സഖാവ് ക്യഷ്ണപിള്ളയോട് ത്രിവർണ്ണ പതാക താഴെ വെയ്ക്കാൻ പോലീസ് പറഞ്ഞു. തലങ്ങും വിലങ്ങും തല്ലിയിട്ടും നെഞ്ചോട് ചേർത്ത പതാക കൈവിടാൻ ആ ധീര ദേശാഭിമാനി തയ്യാറായില്ല. അങ്ങനെ ജ്വലിക്കുന്ന ഇന്നലെകൾ ഉള്ള പതാക പിന്നീട് കോൺഗ്രസ് സ്വന്തം കൊടിയാക്കിയെങ്കിലും അതിന്റെ ചരിത്രത്തെ നിഷേധിക്കാനാവില്ല. ആ ചരിത്രമാണ് നിർണ്ണായകമായ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസ്സ് ബിജെപിയെ ഭയന്ന് ഒളിപ്പിച്ചു വെക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.