തിരുവനന്തപുരം: എംപിയുടെ പരിമിതികൾ വിശദമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. ഒരു സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. തിരുവനന്തപുരം എം പി എന്ന നിലയിൽ തനിക്ക് ഒരുപാട് പരിമിതികളുണ്ട്. സംസ്ഥാന ഭരണവും, കേന്ദ്രഭരണവും വെവ്വേറെ പാർട്ടികളുടെ കൈയിലാണ്. ഇതിനൊക്കെ അനുസരിച്ചാണ് എംപിയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടുത്തെ റോഡ് നന്നാക്കലല്ല എം.പിയുടെ ജോലി. പെൻഷൻ കിട്ടിയില്ല എന്ന് ഒരാൾ പരാതി പറഞ്ഞാൽ എം.പി എന്ന നിലയിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം, അതൊക്കെ സംസ്ഥാന സർക്കാരിന്റെ കൈയിലാണ്. അവരുടെ ഉത്തരവാദിത്തമാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് വലിയ വെല്ലുവിളിയാണ്. എംപിയുടെ ജോലി ഇവിടെയല്ല, ഡൽഹിയിലാണെന്നും അദ്ദേഹം അറിയിച്ചു.
ഭാരതം ആരാണ് ഭരിക്കുന്നതെന്ന് തീരുമാനിക്കാനാണ് എംപിമാരെ തിരഞ്ഞെടുക്കുന്നത്. ആ തീരുമാനം വന്നശേഷം തിരുവനന്തപുരത്തിന്റെ ശബ്ദം പാർലമെന്റിൽ കേൾപ്പിക്കാനും, തിരുവനന്തപുരത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ വാദിക്കാനുമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

