അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; തിഹാർ ജയിലിലേക്ക്

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതിയാണ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഏപ്രിൽ 15 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി കാലാവധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് കെജ്രിവാൾ ഇന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെജ്രിവാളിന്റെ റിമാൻഡ് കാലാവധി ഇന്നവസാനിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. കെജ്രിവാളും ഇനി തിഹാർ ജയിലിലേക്കെത്തും. മാർച്ച് 21 നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. അതേസമയം, തന്റെ മൗലികാവകാശങ്ങൾ ലംഘിച്ചാണ് അറസ്റ്റ് നടത്തിയതെന്നു ചൂണ്ടിക്കാട്ടി കെജ്രിവാൾ നൽകിയ ഹർജി നാളെ കഴിഞ്ഞു ഡൽഹി ഹൈക്കോടതി പരിഗണിക്കും.