കാട്ടാന ആക്രമണം; ബിജു മാത്യുവിന്റെ കുടംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാർശ ചെയ്യും

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്റെ കുടംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാർശ ചെയ്യാൻ ചർച്ചയിൽ തീരുമാനം. റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി, ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുരോഹിതർ, എംപി ആന്റോ ആന്റണി, അനിൽ ആന്റണി തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. 10 ലക്ഷം രൂപ ഇന്ന് തന്നെ ബിജു മാത്യുവിന്റെ കുടുംബത്തിന് നൽകും. പറമ്പിലെ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ബിജു മാത്യു കൊല്ലപ്പെട്ടത്.

ബിജു മാത്യുവിന്റെ മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും. താത്കാലിക ജോലി ഉടൻ നൽകും. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാർശ ചെയ്തിട്ടുണ്ട്.

സുരക്ഷയ്ക്ക് താത്കാലിക വാച്ചർമാരെ നിയമിക്കും. അതേസമയം, കണമല ഡെപ്യൂട്ടി റേഞ്ചർക്ക് നിർബന്ധിത അവധി നൽകി. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.